Friday, 6 February 2015

അത്രമാത്രം

 ഇനി ഒരിക്കലും
വരാത്ത നെഞ്ചിൽ
നീ
ചുമലു ചായ്ക്കുന്ന
നിമിഷം
എനിക്കു താ.

 

ഉത്സവം

തിമിർക്കുന്നു തിമില.

കരാളം പിളർന്ന
നെഞ്ചിൽ നിന്നെഴുന്നള്ളും
ചോരപൂരത്തിൽ
തിളങ്ങും തീവെട്ടി.

അനാഥമെവിടെയോ
മുഴങ്ങുന്നു
കരുണയുടെ ചെണ്ടകൾ.

ചിന്നം വിളിച്ചുഴറുന്ന
കൊമ്പ് കുഴലുകൾ.

മാഞ്ഞുപോകുന്ന
ചെങ്ങിലയുടെ വക്കിൽ
അണച്ചു നില്ക്കുന്നു
ഇരട്ട ചന്ദ്രന്മാർ.


Friday, 3 June 2011

കലണ്ടര്‍

ചുവപ്പിടയ്ക്കിടെ
കലരും കാലത്തിന്റെ
ചിത്രണം തൂങ്ങും ചുമര്‍
ഏകാന്തം, ഭയാനകം

Friday, 25 March 2011

ക്ഷുദ്രഗ്രഹം

കറുത്ത ചന്രനില്‍
നീ ജ്വലിച്ച പ്രേതനാള്‍
പിറന്നുവീണ ഞാന്‍
അന്തമില്ലാ തമസ്സിലീവിധം
എരിഞ്ഞെരിഞ്ഞു
കരിഞ്ഞു തീരുന്നു.

(മാതൃ സ്മൃതിയില്‍ ...)

Sunday, 28 November 2010

അതിര്

ഞാന്‍ ഒന്നുമല്ല.
അതിനാല്‍,
എനിക്കെന്തുമാകാം.

Thursday, 13 May 2010

കട്ടില്‍ച്ചേതം

എല്ലാം സമീകരിക്കാന്‍ വെമ്പുന്ന തിരശ്ചീനം.
സമീകരണങ്ങളില്‍ അസ്തിത്വം തകരുന്ന ലംബവും.
കട്ടിലിന്റെ തിരശ്ചീനയുക്തിയുടെ ചതുഷ്കോണുകള്‍
എന്നെ ഉറക്കത്തിലേക്ക്‌ വലിച്ചടുപ്പിക്കുന്നു.
എല്ലാം സമീകരിക്കുന്ന മരണത്തിന്റെ അടുപ്പകാഴ്ച്ച തന്ന്‌,
അന്ധാളിപ്പിച്ച്‌,
അടുത്ത പ്രഭാതത്തിലേക്ക്‌ ചവച്ചു തുപ്പുന്നു.

Friday, 23 April 2010

ഹായ്‌

ഈ ചുമരുകള്‍ക്കുള്ളില്‍
നമ്മുക്കിന്ന്‌ എന്തും സാദ്ധ്യമാണ്‌.

സ്നേഹമൊഴികെ....

Tuesday, 7 April 2009

ഷാപ്പ്‌ സന്ധ്യ

അവിടെ ഉണ്ടാ‍യിരുന്നവര്‍
ഉത്കണ്ഠയോടെ അവരവരുടെ
ആരുടേയോ മുഖം കാത്ത്
പുറത്തേക്ക് കണ്ണും നട്ടിരുന്നു.

ഓരോ, ഉദരവും സ്വന്തം
മോര്‍ച്ചറികളും, മനസ്സുകള്‍
അവരവരുടെ സെമിത്തേരികളുമായിരുന്നു.
എന്നിലൊരാളായി
അവരില്‍ ഞാനിരുന്നു.

കിളികളും പൂമ്പാറ്റകളും
അവിടെയൊന്നും ഉണ്ടായിരുന്നില്ല.

നാളെയും ഇതുതന്നെ
എന്ന ഉറപ്പോടെ,
അവര്‍ക്കൊപ്പം ഞാനും പിരിഞ്ഞു.

Monday, 6 April 2009

ജന്മസൌഹൃദം

" സ്വയം ചാടിയെത്തിയ
ഉയരത്തില്‍ നിന്നും വീണ്‌,
മാരക ക്ഷതങ്ങളേറ്റ് മരിച്ച
ഒരുവന്റെ ഓര്‍മ്മയാണ്‌
നിനക്കു മുന്നില്‍ നിന്നും
എഴുന്നേറ്റ്‌ പോകുന്നത്. "

അത്‌ പറഞ്ഞ്‌
അയാള്‍ ധൃതിയില്‍
നടക്കുകയും ചെയ്തു.

" ഇനിയൊരിക്കലും
ആവര്‍ത്തിക്കാനാകാത്ത
ഗംഭീര വെടിക്കെട്ട്‌,
തീ കൊളുത്തിയ
ഉടനെ പെയ്ത മഴയില്‍ കെട്ടുപോയി.
ആ നിശബ്ദതയാണ്‌ നിന്റെ
പോക്കും നോക്കി നില്‍ക്കുന്നത്‌. "

എന്നു പറഞ്ഞാണ്
മറ്റെയാള്‍ ഇറങ്ങിയത്‌.

Thursday, 26 June 2008

എന്റെ വീട്

എന്റെ വീട്ടില്‍
ചെത്തി, മന്ദാരം
കാശിത്തുമ്പ, നാലുമണിപ്പൂക്കള്‍ ....
എല്ലാം ഉണ്ടായിരുന്നു.
അവിടെത്തന്നെ,
നല്ല വെള്ളം കിട്ടുന്ന
കിണറും ഉണ്ടായിരുന്നു.

------------ അവിടെ
------------ ഉണ്ടായിരുന്നു.

അന്വേഷിച്ചു ചെന്നപ്പോള്‍
ഇല്ലാതിരുന്നത് ഞാന്‍ മാത്രമായിരുന്നു.
ഒരുകാലത്തും ഇല്ലാതിരുന്ന വസ്തുവും അതുതന്നെ.

Sunday, 11 May 2008

മരത്തണലില്‍

കണ്ണു തുറന്നാല്‍
കാണാം
പച്ചയും നീലയും
കലര്‍ന്ന വിതാനം.
കാറ്റൊന്നിളകിയാല്‍
ആടും,
ഏതോ തരം
മയില്‍ പോലെ.

Friday, 9 May 2008

രക്ഷ

സ്വന്തം
നിഴലിനും അപ്പുറത്തേക്ക്
ചാടിപ്പോയവനെ
എവിടെ നിന്ന്
തിരിച്ചു കൊണ്ടു വരും ?

പാഠം 1

ദയ എന്ന വികാരം
ഉന്നം തെറ്റിക്കും