Tuesday, 7 April 2009

ഷാപ്പ്‌ സന്ധ്യ

അവിടെ ഉണ്ടാ‍യിരുന്നവര്‍
ഉത്കണ്ഠയോടെ അവരവരുടെ
ആരുടേയോ മുഖം കാത്ത്
പുറത്തേക്ക് കണ്ണും നട്ടിരുന്നു.

ഓരോ, ഉദരവും സ്വന്തം
മോര്‍ച്ചറികളും, മനസ്സുകള്‍
അവരവരുടെ സെമിത്തേരികളുമായിരുന്നു.
എന്നിലൊരാളായി
അവരില്‍ ഞാനിരുന്നു.

കിളികളും പൂമ്പാറ്റകളും
അവിടെയൊന്നും ഉണ്ടായിരുന്നില്ല.

നാളെയും ഇതുതന്നെ
എന്ന ഉറപ്പോടെ,
അവര്‍ക്കൊപ്പം ഞാനും പിരിഞ്ഞു.

Monday, 6 April 2009

ജന്മസൌഹൃദം

" സ്വയം ചാടിയെത്തിയ
ഉയരത്തില്‍ നിന്നും വീണ്‌,
മാരക ക്ഷതങ്ങളേറ്റ് മരിച്ച
ഒരുവന്റെ ഓര്‍മ്മയാണ്‌
നിനക്കു മുന്നില്‍ നിന്നും
എഴുന്നേറ്റ്‌ പോകുന്നത്. "

അത്‌ പറഞ്ഞ്‌
അയാള്‍ ധൃതിയില്‍
നടക്കുകയും ചെയ്തു.

" ഇനിയൊരിക്കലും
ആവര്‍ത്തിക്കാനാകാത്ത
ഗംഭീര വെടിക്കെട്ട്‌,
തീ കൊളുത്തിയ
ഉടനെ പെയ്ത മഴയില്‍ കെട്ടുപോയി.
ആ നിശബ്ദതയാണ്‌ നിന്റെ
പോക്കും നോക്കി നില്‍ക്കുന്നത്‌. "

എന്നു പറഞ്ഞാണ്
മറ്റെയാള്‍ ഇറങ്ങിയത്‌.